
ബുദ്ധന്‍ ധ്യാനത്തില്‍ നിന്നുണര്‍ന്നു.
അകത്തു ശിഷ്യന്മാര്‍ ദീര്‍ഘധ്യാനത്തില്‍.
ഒച്ചയുണ്ടാക്കാതെ ബുദ്ധന്‍ പുറത്തിറങ്ങി.
പ്രകൃതി ഉണരുന്നു.
മഞ്ഞില്‍പ്പൊതിഞ്ഞ സൂര്യവെളിച്ചം ചെങ്കതിരുകളായി മുളങ്കാട്ടില്‍ പെയ്യുന്നു.
ധ്യാനസ്വസ്ഥത കനപ്പായി ഹൃദയത്തിലുണ്ട്.
എന്നിട്ടും,
വേദനയുടെ നീരിറ്റുകള്‍ മനസ്സിനെ നോവിക്കുന്നു.
മരണത്തിന്റെ പതിഞ്ഞ കാലൊച്ച ,അനേക വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടും
കാട്ടുമുളകള്‍ ഉരയുന്ന ശബ്ദം മൃത്യുഗീതം പോലെ ഇടനെഞ്ചില്‍ .
കുറച്ചുമുന്നേ നടന്ന മരണമാവാം കാരണം.
എല്ലാം കാലത്തിന്റെ അക്കരെയിട്ടെറിഞ്ഞ് ഇക്കരെ എത്തിയപ്പോള്‍ തോന്നിയിരുന്നു,ഇനി ഓര്‍ക്കില്ല ഒന്നും.
എന്നിട്ടും,
ഓര്‍മ്മയുടെ മഞ്ചാടിക്കുരുക്കള്‍ യാദൃശ്ചികമായി നിലത്തുവീണുരുണ്ടു.
ധ്യാനം അര്ധാവസ്ഥയില്‍ നിന്നുപോയി.
ശിഷ്യന്മാരറിയാതെ പുറത്തിറങ്ങി.
മനസ്സിന്റെ ആഴങ്ങളിലേക്ക് നോക്കി ;
കണ്ടെത്തി,
മറ്റൊന്നുമല്ല ഹേതു, ആ മരണം തന്നെ.
ബുദ്ധന്‍ കണ്ണുകളടച്ച് ദീര്‍ഘമായി നിശ്വസിച്ചു .
മനസ്സില്‍ പറഞ്ഞു ,
ക്ഷമ.
രാഹുലന്‍ വന്നു വിളിച്ചപ്പോള്‍ ബുദ്ധനുണര്‍ന്നു.
തമ്മില്‍ത്തമ്മില്‍ നോക്കി .
അവനൊന്നും ചോദിച്ചില്ല,ബുദ്ധനൊന്നും പറഞ്ഞുമില്ല.
രണ്ടുപേരും പടിവാതില്‍ കടന്ന്,
ആശ്രമത്തിനകത്തേക്കു കയറി ....


